Thursday, October 23, 2008

മായാവിയും രമേഷും പിന്നെ ഞാനും.....


(എന്റെ സുഹൃത്ത് രമേഷന്റെ കഥ... വിവരണത്തിന്നു വേണ്ടി ഞാന്‍ സ്വയം രമേഷനായി മുന്‍ കൂര്‍ജാമ്യമെടുക്കുന്നു)


അടുത്തവീട്ടിലെ കണാരുവിന്റെ ഒച്ചവെച്ചുള്ള കാറിത്തുപ്പല്‍ കേട്ടാണ് ഞാന്‍ അന്ന് ഞെട്ടിയുണര്‍ന്ന് , പുതപ്പിനുള്ളില്‍ നിന്നും തലയുയര്‍ത്തി ഘടികാരത്തിലേക്ക് നോക്കിയ ഞാന്‍ ഒന്നുകൂടി ഞെട്ടി!!!

നേരം പുലര്‍ന്ന് സൂര്യന്‍ പതിവുപ്പോലെ ഓട്ടം തുടങ്ങിയിട്ട് സമയം കുറേയായി എന്ന ബോധം കൂടി വന്നപ്പോള്‍, ചാടി എണീറ്റ് അലാറം വെച്ച മൊബൈലിനെ ഒന്നുനോക്കി . “ ഉണ്ണീ വാവാവോ, പൊന്നുണ്ണീ വാവാവൊ” എന്ന പാട്ട് അലാറം വെച്ച് കിടന്നുറങ്ങിയ ഞാന്‍ അലാറമടിച്ചപ്പോള്‍ ഒന്നുംകൂടി ചുരുണ്ട്കൂടിയതിനെപ്പറ്റിയായിരിക്കും മൊബൈല്‍ ചിന്തിക്കുന്നത്. അതാണു അവനൊരു പുറത്തുചാടാത്ത ചിരിയും.

പിന്നീട് പ്രഭാതകൃത്യങ്ങള്‍ വൈകുന്നേരത്തെക്കുമറ്റിവെച്ച ശേഷം ഒരു കപ്പ് വെള്ളമെടുത്ത് മുഖവും തലയും നനച്ച് പെട്രോളിനു ദാഹിക്കുന്ന ബൈക്കുമെടുത്ത് അതി വേഗത്തില്‍ ഇടവഴിയിലൂടെ ഓടിച്ച് അതിസാഹസികമായി മൈന്‍ റോഡിലെത്തി, റോഡ് സൈഡില്‍ കെട്ടിയുണ്ടാക്കിയ പഞ്ചാരത്തിണ്ണയിലിരുന്നു. ഒന്നു ശ്വാസം വിട്ടശേഷം പരിസരം നോക്കി മനസ്സില്‍ പറഞ്ഞു,

ഇല്ല വൈകിട്ടില്ല... അവള്‍ വരുന്ന സമയമായതെ ഉള്ളൂ...

അവള്‍ സഫിയ... എന്റെ മനസ്സിന്റെ പൂന്തെന്നല്‍ ‍... ഹൃദയത്തിന്റെ കുളിര്....

പതിവു പോലെ അന്നും ഒരു പുഞ്ചിരി മാത്രം സമ്മാനിച്ച് അവള്‍ കടന്നു പോയി.

ഇനിയും കാത്തിരുന്നിട്ട് കാര്യമില്ലെന്ന സത്യം എന്റെ മനസ്സില്‍നിന്നും ഏതോ പോരാളി വിളിച്ചുപറഞ്ഞു . എന്റെ ഇഷ്ടം ഇഷ്ടത്തിയെ അറീക്കണം. വീട്ടിലേക്ക് തിരിക്കുമ്പോള്‍ ഞാന്‍ പല വഴിയും ആലോചിച്ചു.

റോഡ് സൈഡില്‍ വച്ച് സംസാരിച്ചാലോ?.. .. ..ഹേയ് വേണ്ട..... ചിലപ്പൊ ചെരിപ്പൂരി മുഖത്തടിച്ചാലോ...#$%@&# ആകെ മാനക്കേടാവും, അതിനുള്ള സാധ്യത കൂടുതലാണെ, കാരണം അവളൊരു പുലിക്കുട്ടിയാണല്ലോ.. ...

വീട്ടില്‍ പോയാലോ? അതാകുമ്പൊ ആരും സംശയിക്കില്ല. ഉപ്പ ഗള്‍ഫിലായത് കൊണ്ട് ആ പേടി വേണ്ട... പിന്നെ ഉമ്മ സൈനബ താത്ത ... അതിനെ എങ്ങനെയെങ്കിലും അവിടുന്ന് ചാടിക്കണം, ഇനി അതിനെന്താ ഒരു വഴി?????


അവസാനം അതിനും വഴി കിട്ടി... അപ്പുറത്തെ ഹാജിയാരെ വീട്ടിലേക്ക് ഫോണ്‍ ചൈത് വൈറ്റ് ചെയ്യിപ്പിക്കാം, ആരാണെന്ന് പറയ്ണ്ട. ആ സമയം അവിടെ ചെന്ന് കാര്യം പറയാം..എങ്ങനെണ്ട്?? കോള്ളാം ... “ഞാനേതാ വെളവന്‍ ‍” എന്ന് മനസ്സില്‍ സ്വയം അഹങ്കരിച്ച് ഞാന്‍ വൈകുന്നേരം അവള്‍ ക്ലാസ് കഴിഞ്ഞ് വരാനുള്ള സമയവും കാത്തിരുന്നു. സൂര്യന്‍ ഞാനിപ്പം വീഴും എന്ന മട്ടില്‍ നില്‍ക്കുന്നത് കണ്ടപ്പോള്‍ ഞാന്‍ അതിനൊരു തള്ളുകൂടി കൊടുത്ത് നേരം നാല് മണിയാക്കാനുള്ള വിഫല ശ്രമം നടത്തി. സൂര്യനേതാ വെളവന്‍ അവന്‍ അവന്റെ വഴിക്കു തന്നെ സഞ്ചരിച്ചു. ഘടികാരം നാലുപ്രാവശ്യം ചാടിക്കളിച്ച് സമയമറിയിച്ചതും ഞാന്‍ അടുത്ത് തന്നെയുള്ള ഒരു ബൂത്തില്‍ കയറി ഹാജിയാരെ നമ്പറില്‍ ഡയല്‍ ചൈതു...

ടര്‍ര്‍ര്‍... ടര്‍ര്‍ര്‍... (തെറ്റിദ്ധരിക്കരുത് ഫോണ്‍ റിങ്ങ് ചൈതതാണു...)

മറു തലക്കല്‍ ഹാജിയാര്‍ ഫോണെടുത്തു.

ഹലോ..

ഹാജിയാര്‍: അ.. ഹലൊ.. ആരാപ്പം..

അപ്പുറത്തെ വീട്ടിലെ നബീസത്താനൊന്ന് കിട്ടോ?

ഹാജിയാര്‍: അത്പ്പം, കിട്ടും കിട്ടുംന്നൊക്കെ പറണത് കേട്ടീണ്, ഇന്‍ക്ക് ത് വരെ കിട്ടില്ല.. ഹാജിയാര്‍ തന്റെ സങ്കടം ബോധിപ്പിച്ചു.

അതല്ല... ഫോണിലൊന്ന് കിട്ടോന്നാ ചോദിച്ചത്.

ഹാജിയാര്‍: അ അ ജി ഒന്ന് കട്ട് ചൈത് വിളിച്ചൊ, ഞാന്‍ ചെറിയോനെ പറഞ്ഞയക്ക..

ഹാജിയാരെ മനസ്സിലിരിപ്പ് (ഗള്‍ഫ് ഭാര്യമാരെ കുറിച്ചുള്ളൊരു ധാരണ) ഓര്‍ത്ത് ഞാന്‍ ഫോണ്‍ വച്ച് നേരെ അവളുടെ വീട്ടിലേക്ക് ഓടി...

ഗള്‍ഫീന്ന് കെട്ട്യോനായിരിക്കുമെന്ന ധാരണയില്‍ നബീസത്ത ഹാജിയാരുടെ വീട്ടിലേക്ക് പോകുന്നതും കണ്ട് ഞാന്‍ അവളുടെവീടിന്റെ മുന്നിലെത്തി,

ആരെയും കാണാത്തത് കൊണ്ട് ഒന്നു കുരച്ച് നോക്കി...

തന്റെ എല്ലാ പ്രദീക്ഷയും അസ്തമിപ്പിച്ച് വീട്ടിനുള്ളില്‍ നിന്ന് ഒരു മധുര അറുപത് കാരി “ആരാ” ന്നും ചോദിച്ച് ഇറങ്ങി വരുന്നു... മധുരം വീടിന്റെ പുറത്തെത്തിയപ്പോഴാണു ഞാന്‍ ശരിക്കും ഞെട്ടിയത്.

മൈമൂന താത്ത..!!!!

താത്തയെ കണ്ടതും ഞാന്‍ തിരിഞ്ഞ് നടക്കാന്‍ ശ്രമിച്ചപ്പോള്‍ പുറകില്‍ നിന്നും ഒരു വിളി,

രമേഷാ, ജി എന്ത ബെടെ ??

“ ഇതു ഞാനല്ലാ” എന്നു ദിലീപ് സ്റ്റൈലില്‍ പറയണമെന്നുണ്ടായിരുന്നു , ചാകാന്‍ കിടക്കുന്ന തള്ളയ്ക്ക് കണ്ണിനൊരു കുഴപ്പവുമില്ല.ഇനി ഒരു രക്ഷയുമില്ല തള്ള എന്നെ തിരിച്ചറിഞ്ഞിരിക്കുന്നു, എന്തൊരു തിരിച്ചറിവ്....!!!

അ ഇതാരാ മൈമൂന താത്തയോ? ങ്ങളെന്താ ഇവിടെ?

ന്റെ മോളെ വീട്ടില്, പിന്നെ അന്റെ അമ്മ വന്ന് നിക്കൊ... (മൈമൂനത്തായുടെ കൊച്ചുമോളാണ് സഫിയ എന്നുള്ളത് ഒരു പുതിയ അറിവായിരുന്നു) ആകെ പിടുത്തം വിട്ട പോലെയായി, ഞാന്‍ അവിടുന്ന് പല തരികിടയും പറഞ്ഞ് തല്‍കാലം രക്ഷപ്പെട്ടു...

പോകും വഴി എന്റെ മനസ്സ് മുഴുവന്‍ പേടിയായിരുന്നു, തള്ള എല്ലാ കാര്യവും സഫിയയോട് പറയോ???

എന്റെ മെമ്മറി രണ്ട് വര്‍ഷം പിന്നോട്ട് റീ വൈന്റ് ചൈതു..

..........................

കുരുത്തക്കേടും അതിന്റെ മുകളിലെ കേടും കൈവശം വച്ച്, പറയാവുന്നവരോടൊക്കെ പറയിപ്പിച്ച് നടന്നിരുന്ന കാലം... അവസാനം ഞാന്‍ കാരണം അച്ചന്റെ നല്ല പേരിനു വരെ കോട്ടം തട്ടി ,... അതച്ചനു സഹിച്ചില്ല..

ഞാന്‍ നന്നാവാന്‍ വേണ്ടി എന്നെ എന്തെങ്കിലും ഏര്‍പ്പാടിലാക്കാന്‍ അച്ചന്‍ തീരുമാനിച്ചു...ആരൊക്കെയൊ അച്ചനെ ഉപദേഷിച്ച് അതൊരു ബസ്സ് വാങ്ങലിലെത്തി. ആരുടെയൊക്കെയോ കാല്‍ പടിച്ച് ഇതുവരെ ബസ്സ് ഓടാത്ത ഒരു റൂട്ടും അച്ചന്‍ സങ്കടിപ്പിച്ചു. പോത്തുങ്കല്ല് ടു കോടായ് പൊയ്ക റൂട്ട്.

ഞാന്‍ ഏറ്റെടുത്തത് “കണ്ടക്ടര്‍“ പണി......

നല്ല പണി.... നന്നാവാന്‍ പറ്റിയ സാഹചര്യം...!! അച്ചനെ സമ്മദിക്കണം...!


ആടിനെ തീറ്റാന്‍ വേണ്ടി പോത്തുംകല്ലില്‍ നിന്നും അവനാം പടിയിലേക്ക് മിനിമം ചര്‍ജ്ജും കൊടുത്ത് ആടിനേം കൊണ്ട് ബസ്സില്‍ കയറിയപ്പോഴാണ് ഞാന്‍ ആദ്യം മൈമൂനത്താനെ കാണുന്നത്. അതൊരു സ്ഥിരം യാത്രയാക്കിയ മൈമൂന താത്ത പിന്നീടൊരിക്കല്‍ അരിപൊടിപ്പിക്കാന്‍ പള്ളിപ്പടിയിലേക്ക് പോകുമ്പോഴും അതേ മിനിമം ചാര്‍ജ് തന്നപ്പോള്‍ സ്റ്റേജ് മാറ്റമുള്ളത് കൊണ്ട് മിനിമം ചാര്‍ജ് പോര അന്‍പത് പൈസ കൂടുതല്‍ വേണമെന്നു പറഞ്ഞപ്പോള്‍ “സ്റ്റേജില്‍ കയറാന്‍ ഞാന്‍ അന്റെ കൂടെ ഒപ്പന കളിക്കാന്‍ പോരല്ല” എന്നായിരുന്നു താത്തയുടെ മറുപടി. അതു പോട്ടെ... അരിചാക്കിനു ലഗേജ് കൂലി ചോദിച്ചപ്പൊ അരിച്ചാക്കെടുത്ത് തലയില്‍ വച്ച മൈമൂന താത്തക്ക് എന്നെ പറ്റി എല്ലാം അറിയാം...

ബസ്സില്‍ സ്ഥിരമായി യത്ര ചെയ്യുന്ന ശാലിനിയെ വളച്ചതും , വളവ് ഒന്നു കൂടി ഒടിക്കാന്‍ ശ്രമിച്ചപ്പോള്‍ പിടിച്ചതും, അവസാനം അവളുടെ സ്കൂളിലെ യൂത്ത്ഫെസ്റ്റിവലിന്റെ അന്ന് ഒരു സിനിമക്ക് പോവാന്‍ പദ്ധതിയിട്ടപ്പോള്‍ അതിന്നു പാരയായി സ്കൂള്‍ പ്രിന്‍സിപ്പല്‍ യൂത്ത്ഫെസ്റ്റിവലിന്ന് യൂണിഫോം നിര്‍ബന്ധമാക്കിയപ്പോള്‍, മാറ്റിയുടുക്കാന്‍ അവള്‍ കവറില്‍ ഒരു ജോഡി ഡ്രസ്സ് കരുതി അത് അടുത്തുള്ള കൂട്ടുകാരിയുടെ വീട്ടില്‍ നിന്നും മാറി, മാറിയ യൂണിഫോമിട്ട കവറും കൈല്‍ വച്ച് ബസ്സ് സ്റ്റാന്റില്‍ നില്‍ക്കുന്ന ശാലിനിയെ കണ്ട ബാര്‍ബര്‍ കുഞ്ഞന്‍ അതു മൈന്റ് ചെയ്യാതെ മുന്നോട്ട് നടന്നപ്പോള്‍ തൊട്ടടുത്ത് തന്നെ എന്നെ കണ്ട കുഞ്ഞന്റെ ബുദ്ധിയില്‍ നൂറ്റിപ്പത്തിന്റെ ബള്‍ബ് മിന്നിയപ്പോള്‍ “ഇവര്‍ രണ്ടു പേരും ഒളിച്ചോടുകയാണ്“ എന്ന നിഗമനം കൈയില്‍ പിടിച്ച കവറുംകൂടി കണ്ടപ്പോള്‍ ഒന്നുകൂടി ഉറപ്പ് വരുത്തി (മലയാളിയുടെ കൂട്ടിക്കിഴിക്കല്‍) എത്രയും പെട്ടെന്ന് തന്നെ വിവരം ശാലിനിയുടെ ഫാദര്‍ ദാസപ്പന്റെ ചെവിയിലെത്തിച്ചു . തുടര്‍ന്ന് നടന്ന കൂടിയാട്ടവും, കൈകൊട്ടിക്കളിയും കൈകാലുകളിലെ എല്ലിന്റെ എണ്ണം കൂട്ടിയപ്പോള്‍ ബാക്കിയുംകൂടി കൂട്ടാന്‍ നില്‍ക്കാതെ തടിയെടുത്തതുമൊന്നും കഴിഞ്ഞിട്ട് അധികമായിട്ടില്ല.
മൈമൂന താത്ത എല്ലാം അവളോട് പറഞ്ഞാല്‍ എന്റെ ആത്മാര്‍ത്ഥ പ്രേമം അവളറിയും മുമ്പ്തന്നെ അസ്ഥമിക്കും..

കാര്യം ഇങ്ങനെ ഒക്കെ ആയ സ്ഥിതിക്ക് അവളെ കാണാനുള്ള പോക്ക് തല്‍കാലത്തേക്കെങ്കിലും ഞാന്‍ നിര്‍ത്തി എന്ന് കരുതിയ നിങ്ങള്‍ക്ക് തെറ്റി. പതിവു തെറ്റിക്കാന്‍ എനിക്ക് കഴിഞ്ഞില്ല. പിറ്റ്യേന്നും രാവിലെ തന്നെ അവളെ കാണാന്‍ പോയി...


അന്നും പതിവു ചിരിയില്‍ മാറ്റമില്ല, അപ്പൊ ഇത്താത്ത ഒന്നും പറഞ്ഞ് കാണില്ല എന്ന് കരുതി സമാധാനിച്ചു എങ്കിലും ഇഷ്ടം അറീക്കാനുള്ള തന്റെ ആദ്യ ശ്രമം പരാജയപ്പെട്ടതിന്റെ വിഷമത്തില്‍ അടുത്ത വഴി ആലോചിച്ചപ്പോഴാണു പെട്ടെന്നു കിഡ്നി വര്‍ക്ക് ചൈതത്. “ഞാനേതാ വെളവന്‍” .


അവളുടെ വീട്ടില്‍ ഭക്ഷണത്തിനു പോകുന്ന പള്ളിയില്‍ പഠിക്കുന്ന സലാമിന്റെ കൈല്‍ എഴുത്ത് കൊടുത്ത് വിടുക, അത് സൂത്രത്തില്‍ അവളെ ഏല്പിക്കാന്‍ പറയുക,

അവന്‍ സമ്മദിക്കോ ആവോ....??? അങ്ങിനെ ഞായറായ്ച ഉച്ചക്ക് പള്ളിയില്‍ നിന്നും വരുന്ന അവനെ കാത്ത് നിന്ന് കാര്യം മൊഴിഞ്ഞു,
വിവരം കേട്ട സലാം ആദ്യം ഒന്നു ചിരിച്ചെങ്കിലും പിന്നീടതൊരു കരച്ചിലായി മാറി... ഞാന്‍ ആകെ വേചാറായി അവനോട് പറഞ്ഞു. നീ കൊടുക്കില്ലങ്കില്‍ വേണ്ട ആരോടും പറയരുതെന്നു പറഞ്ഞു.

അതല്ല...

പിന്നെ എന്തിനാ നീ കരയണേ?

മുമ്പ് നിന്നെ പോലെ അവളോടുള്ള ഇഷ്ടം കാരണം ഞാന്‍ ഒരെഴുത്ത് അവള്‍ക്ക് കൊടുത്തിരുന്നു.

(അതായത് പാല് തന്ന കൈക്ക് തന്നെ കടിച്ചുന്ന്)

എന്നിട്ട് ?

പള്ളി കമ്മറ്റിയില്‍ പെട്ട അവളുടെ ഉപ്പക്ക് പള്ളിയിലെ മുസ്ലിയാര്‍ കൊടുത്തയച്ച എന്തോ എഴുത്താണെന്നു കരുതി ഒന്നു തുറന്നു പോലും നോക്കാതെ അവളത് ഉപ്പയെ ഏല്പിച്ചു. അന്ന് മുസ്ലിയാരോട് കിട്ടിയ അടിയുടെ പാട് ഇപ്പോഴും എന്റെ തുടയില്‍ കിടപ്പുണ്ട്. വിവരംകെട്ടവന്റെ വിവരക്കേട് മാനിച്ച് അന്നെനിക്കു മാപ്പ് തന്നതാണ് അവളുടെ ഉപ്പ. ഇനി ആ മാപ്പ് എനിക്ക് കിട്ടിക്കൊള്ളണമെന്നില്ല എന്നെ കൊല്ലാന്‍ അവളുടെ ഉപ്പ ടിക്കറ്റെടുത്ത് ഇങ്ങ് പോരും....

നീ വേറെ ആളെ നോക്ക് രമേഷാ...


അങ്ങിനെ ആ ഐഡിയയും പോളിഞ്ഞു....

എനി എന്ത് ??????

ഞാനേതാ വെളവന്‍ , അടുത്ത "അടിക്കും" സോറി “ഐഡിയക്കും” മനസ്സില്‍ പ്ലാനിട്ടു.

അവളുടെ കസിന്‍ സഫീര്‍..... അവനെ പിടിച്ചൊരു കളി കളിക്കാം.. ഇല്ലാത്ത സൌഹൃതം നടിച്ച് അവനെ വശത്താക്കി. അവനോട് കര്യം പറയണം, എന്നിട്ടവളുടെ മനസ്സറിയണം അതായിരുന്നു ഉദ്ദേഷമെങ്കിലും , ഒന്നും വേണ്ടി വന്നില്ല, ഒരു ദിവസം അവന്‍ മനസ്സ് തുറന്നു. "എന്റെ കസിന്‍ സഫിയയെ എനിക്ക് വലിയ ഇഷ്ടമാണ് അവളെ ഞാന്‍ കല്യാണം കഴിക്കും " എന്നൊക്കെ,

മീശ മുളച്ചില്ല ചെക്കന് , അവന്റെ ഒരു കല്യാണം...അതോടെ ആ പദ്ധതിയും പോളിഞ്ഞു...


അവസാനം അതു തന്നെ തീരുമാനിച്ചു, ആരെങ്കിലും കണ്ടാലും വേണ്ടില്ല, അവളോട് നേരിട്ട് കര്യം പറയാം, അവള്‍ വരുന്നതും കാത്ത് ഞാന്‍ ഇടവഴിയില്‍ നിന്നു...

ദാ വരുന്നു സഫിയ.. നെഞ്ചിടിപ്പു കൂടി വരികയാണ്.

അവളടുത്തെത്തിയപ്പോള്‍ ഞാന്‍ നില്‍ക്കാന്‍ പറഞ്ഞു.

ദൈര്യം കൊണ്ടുള്ള വിറയലില്‍ ഞാനാകെ വിയര്‍ക്കാന്‍ തുടങ്ങി, എന്റെ പെരുമാറ്റത്തില്‍ പന്തിക്കേട് തോന്നിയ അവള്‍ തിരിഞ്ഞ് നടക്കാന്‍ ശ്രമിച്ചപ്പോള്‍ ഞാന്‍ അറിയാതെ അവളുടെ കൈല്‍ പിടിച്ച് പോയി,, എന്റെ ഭാഗ്യം കൊണ്ട് അത് നാട്ടുകാരാരും കണ്ടില്ല... അതു വഴി വന്ന എന്റെ അച്ചന്‍ മാത്രമെ കണ്ടുള്ളു.....

ഭാഗ്യവാന്‍...

എന്നോടുള്ള സ്നേഹം കൊണ്ട് അച്ചന്‍ അപ്പോള്‍ തന്നെ വീട്ടിലേക്ക് വിളിച്ച് ഒന്ന് ഉപദേഷിച്ച് വിട്ടു, ആ ഉപദേഷത്തിന്റെ പാടുകള്‍ കണ്ട് അമ്മ നിലവിളിച്ചപ്പോള്‍, അച്ചനു ഇനിയും ആ നിലവിളി കേള്‍ക്കാന്‍ പ്രയാസമുള്ളത് കൊണ്ടും എന്നെ നാടു കടത്താനുള്ള തീരുമാനത്തിലെത്തി...

രണ്ട് വര്‍ഷം മുമ്പ് എന്നെ നന്നാക്കാന്‍ ബസ്സ് വാങ്ങിയ വകയില്‍ ബേങ്കില്‍ വച്ച ആധാരം ദൈവാനുഗ്രഹം കൊണ്ട് ബാങ്ക് കാരുടെ കൈല്‍ തന്നെയാണ്, അതുകൊണ്ട് എന്നെ നാടുകടത്താനുള്ള പണം കണ്ടെത്താന്‍ ഞങ്ങളുടെ വീട്ടിലെ നങ്ങേലിക്കുട്ടിയേയും കിടാവിനെയും നാടുകടത്തി. അങ്ങിനെ പശുവിനെയും കുട്ടിയെയും കൂടെ അച്ഛന്റെ തറവാട്ടു വകയുള്ള ഉരുളികളും വിറ്റുകിട്ടിയ പണവുംകൊടുത്ത് ഗള്‍ഫ് സ്വപ്നവുമായി വീടിന്റെ പടിയോട് ഗുഡ് ബൈ പറഞ്ഞു.


ബോംബെ വരെ ട്രൈനിലും തുടര്‍ന്ന് വിമാനത്തിലുമാണു യാത്ര. യാത്രയില്‍ മുഷിയാതിരിക്കാന്‍ കൂട്ടിന് ഗള്‍ഫുവരെ പോകുന്ന വേറെ നാലുപേരെക്കൂടി കിട്ടി . പരസ്പരം പരിചയപ്പെട്ടു.

വയനാടുകാരന്‍ അബുട്ടി, സകരിയ.

കൊയിലാണ്ടി സമദ്.

കൊണ്ടോട്ടി റഫീഖ്.


ട്രെയിനിന്റെ വലിപ്പം കണ്ട് “ഇത്തറേം വല്യ ബസ്സോ” എന്നും പറഞ്ഞ് അന്തംവിട്ട് നില്‍ക്കുന്ന അബുട്ടിയോട് “ഇത് ഒരു ബസ്സല്ല, കുറെ ബസ്സ് കൂട്ടി യോചിപ്പിച്ചതാണ്” എന്ന് പറഞ്ഞ് മനസ്സിലാക്കി കൊടുക്കുന്ന സകറിയയെ കണ്ടപ്പോള്‍ തന്നെ അവരുടെ നിലവാരം മനസ്സിലായി.


“ഞമ്മളവിടെ എത്ത്വായിക്കുംന്നും പറഞ്ഞ്” ആത്മ വിശ്വാസം നഷ്ടപ്പെട്ട സമദിനേം കൂടി കണ്ടപ്പോള്‍ ഇവരുടെ കൂടെ ബോംബെയും കഴിഞ്ഞ് സൌദിയിലെത്തുന്ന കാര്യം ആലോചിച്ച് ഒരു നിമിഷം ഞാനൊന്ന് കത്കുത ചിന്തനായി...


കൂട്ടത്തില്‍ ഫുള്‍ ടിപ്പില്‍ നില്‍ക്കുന്ന റഫീഖിനെ കണ്ടപ്പോള്‍ വിദേഷ യാത്രയുടെ അപരിചിതത്തില്‍ മതൃകയാക്കാന്‍ പറ്റിയവന്‍ എന്നു തോന്നി. എന്നെ പോലെ തന്നെ മറ്റു മൂന്നുപേര്‍ക്കും അതു തോന്നിയത് കൊണ്ടാവണം എല്ലാവരും റഫീഖിനെ ചുറ്റിപ്പറ്റിയാണ് നില്‍പ്പ്...


ആ നില്‍പ്പ് അതികം നില്‍കേണ്ടി വന്നില്ല, ഞങ്ങള്‍ക്ക് പോവാനുള്ള വണ്ടി വന്നു, എല്ലാവരും അവനവന്റെ ഇരിപ്പിടം ഉറപ്പിച്ചു, വയനാടുകാര്‍ മാത്രമല്ല എല്ലാവരും ആദ്യമായാണ് ട്രൈന്‍ യാത്ര എന്നു തോന്നുന്നു, അഹങ്കാരം പറയരുതല്ലൊ ഞാനും ആദ്യമായാണ് ഒരു ട്രൈന്‍ യാത്ര.


എല്ലാവരും മൌനികള്‍, റഫീഖ് ഭായിയുടെ പ്രസന്റില്‍ ശബ്ദം താഴ്ത്തി സംസാരിക്കുന്നു ,
റഫീഖ് ഭായ് ഡ്രസ്സുമാറി പുള്ളിമുണ്ടിനും , ടീഷര്‍ട്ടിനുമുള്ളില്‍കയറി. അതുകണ്ട എല്ലാവരും അവനെ അനുകരിച്ചു ഡ്രസ്സുമാറി.


നേതാവിന്റെ ഗൌരവം വിടാതെ റഫീഖ് എന്നോട് ചോദിച്ച് പുസ്തകം വല്ലതുമുണ്ടോ വായിക്കാന്‍ ?..

പത്താം ക്ലാസില്‍ നിന്ന് മൂന്ന് പ്രാവശ്യം കോപ്പി അടിച്ച് പിഠിച്ച എന്റെ കൈലെവിടുന്നാ പുസ്തകം, അന്ന് കഴുത്തിന് പിടിച്ച് പുറത്ത് തള്ളിയ എക്സാം സൂപര്‍വൈസറെ മനസ്സില്‍ ധ്യാനിച്ച് ഞാന്‍ “ ഇല്ല” എന്ന് മൊഴിഞ്ഞു. അപ്പോള്‍ തന്നെ റഫീഖ് അവന്റെ പെട്ടി തുറന്ന് പുസ്തകം എടുക്കാന്‍ ശ്രമിച്ചപ്പോള്‍ ഞാന്‍ മനസ്സില്‍ കരുതി, ദൈവമെ ഇന്നു പെട്ടതു തന്നെ വല്ല ഇഗ്ലീഷ് പുസ്തകവും വായിക്കാന്‍ എനിക്ക് തന്നാല്‍ എന്ത് ചെയ്യും!!!! ഇനി അതവാ തന്നാലും ഫോട്ടോയൊക്കെ ഉള്ളതാവണെ ദൈവമെ എന്നാല്‍ അത് നോക്കിയെങ്കിലും ഇരിക്കാം... പക്ഷെ എന്റെ എല്ലാ ചിന്തകളെയും അസ്താനത്താക്കി റഫീഖ് അവന്റെ പെട്ടിയില്‍ നിന്ന് രണ്ട് ബാലരമ!!!!### എടുത്ത് ഒന്ന് എനിക്ക് തന്നു എന്നിട്ട് പറഞ്ഞു ഇതു കഴിഞ്ഞ ആഴ്ചയത്തെയാണ് ഞാന്‍ വായിച്ചതാണെന്ന്. ഒരു ജന്റ്റില്‍ മാന്റെ പതവി കൊടുത്ത് ഇത്രയും നേരം അറിയാതെ ബഹുമാനിച്ച് പോയ ഞാന്‍ അറിയാതെ ചോദിച്ച് പോയി. എല്ലാ ആഴ്ചയും വായിക്കോ ?

പിന്നെ എല്ലാ ആഴ്ചയും വായിക്കും “ആ മായാവി ഇല്ലങ്കില്‍ രജുവും രാധയും പെട്ടു പോയേനെ” അല്ലെ...??

മ്ഹു... അതെ #&*^&# എന്ന് മൂളിക്കൊണ്ട് ബാലരമ സൈഡാക്കി എന്റെ സ്വപ്നങ്ങളില്‍ നിറഞ്ഞുനില്‍ക്കുന്ന വിമാനത്തിനുള്ളിലെ സുന്ദരിമാരുടെരൂപവും വിമാനത്തില്‍നിന്നും കിട്ടുന്ന ( പലരും പറഞ്ഞുകേട്ട) ബിരിയാനിയുടെ മണവും ആസ്വതിച്ച് അറിയാതെ ഉറങ്ങി പോയി... പിന്നീടങ്ങോട്ട് പുട്ടില്‍ തേങ്ങ ഇട്ട പോലെ കുറച്ച് ഉറക്കും പിന്നെ ഭക്ഷണം, ഉറക്കം, ഭക്ഷണം... അങ്ങിനെ ... അങ്ങിനെ.... മുന്നോട്ട് ....


(ബാക്കി "രമേഷന്റെ ഗള്‍ഫ് യാത്ര" ... എഴുതിയാലായി)

Wednesday, August 20, 2008

പ്രണയമാം...പരസ്പരം അറിയാത്ത പ്രണയമാം പ്രാവുകള്‍...
മധുര പ്രണയത്തിന്റെ എകാന്തമാം കാത്തിരിപ്പ്...
മരണമില്ലാത്ത പ്രണയം....

ക്ലിക്ക് on fotto for enlarging.
Lyrics from Malayalam Cinema Song.
----------------------------------
സ്നേഹിതന്‍...
----------------------------------

Sunday, August 17, 2008

ഒരു പ്രസവം, ഏഴ് കുഞ്ഞുങ്ങള്‍...!!!

ഈജിപ്തിലെ ഒരു ഇരുപത്തി ഏഴുകാരി സ്ത്രീക്ക് ഒരു പ്രസവത്തില്‍ ഏഴ് കുഞ്ഞുങ്ങള്‍ അതില്‍ നാല് ആണ്‍ കുട്ടികളും മൂന്നു പെണ്‍ കുട്ടികളും. ഇന്നലെയാണ് സംഭവം. കൂടുതല്‍ അറിയാന്‍ ദേ ഇവിടെ ക്ലിക്കിയാല്‍ മതി.

ഫോട്ടോ കടപ്പാട് : Yahoo News.
സ്നേഹിതന്‍..
........................................

Sunday, August 10, 2008

എവിടെ സ്വാതന്ത്രം?

രണ്ടു വര്‍ഷം മുമ്പ്‌ ഒരു ആഗ്സ്റ്റ്‌ പതിനഞ്ചു, വിവാഹം കഴിഞ്ഞ്‌ രണ്ടു മാസം കഴിഞ്ഞു .

ജേഷ്ടന്റെ മോനോട്‌ ഞാന്‍ ചോദിച്ചു,

എന്താ മോനെ ഇന്നത്തെ ദിവസത്തിന്റെ പ്രത്യേകത.?

അവന്‍ സംശയലേഷ്യേ പറഞ്ഞു "ഇന്ന് ഇത്താത്ത സ്കൂളീന്നു വരുമ്പൊ മിഠായി കൊണ്ടു വരും".

പഷ്ട്‌!!!!.

നല്ല മോന്‍ എല്ലാം ഓര്‍മ്മയുണ്ടല്ലെ... മിഠായിക്ക് കാത്തിരിക്കാവും...

ഞമ്മക്കു മേമക്ക്‌(എന്റെ സഖി) അറിയോന്നു നോക്ക വാ...

മോളെ...(വെറുതെ സോപ്പിട്ടതാണു).

എന്താ ഇക്ക ?

ഇന്നത്തെ ദിവസോര്‍മ്മയുണ്ടൊ നിനക്ക് ??

പിന്നെ ഓര്‍മ്മല്ലാതെ, ആഗ്സ്റ്റ്‌ പതിനഞ്ചു . ഞങ്ങളെ പുതിയ വീട്ടില്‍ കൂടിയ ദിവസം. ഇന്നേക്കു എട്ടു വ‍ര്‍ഷായി,

അല്ല ഇതെങ്ങനെ ഇക്ക അറിഞ്ഞു ?

ബലേ ഭേഷ്... !!!!

"നല്ല ഭ‍ര്‍ത്താവു എട്ടു വര്‍ഷം മുമ്പ്‌ എന്റെ വീട്ടില്‍ കൂടിയ ദിവസം വരെ ഞാന്‍ പറയാതെ തന്നെ ഓര്‍ത്ത്‌ വെച്ചിരിക്കണു എന്ന് എന്റെ പ്രാണ സഖി മനസ്സില്‍ പറഞ്ഞു കാണും. അവളെന്നെക്കുറിച്ചോര്‍ത്തു ക്രിതാക്ജയായിരിക്കുകയാണ് (അര്‍ത്ഥം അറിയില്ല) പാവം...

ഈ മറുപടിയും കേട്ടു ഞാനാകെ കുലീന കുചേലനായിരിക്കുമ്പോഴാണു (സാഹിത്യം) നമ്മളെ അയല്‍വാസി നാസര്‍ ഓടി വരുന്നതു കണ്ടത്‌...

എന്താടാ തിരക്കിട്ട്‌ ??

അവനെന്നോട് ഒറ്റ ചോദ്യം.
എവിടെ സ്വാതന്ത്രം ??

ഏ....!!! എന്ത്‌??

അല്ല.. എവിടെ സ്വാതന്ത്രം ?? നീ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ?

ഞാനാകെ കത്കുത ചിന്തനായിപ്പോയി, (കടിച്ചാല്‍ പൊട്ടാത്ത വാക്കുകള്‍ )

പടച്ചോനെ... ഇന്നലെ രാത്രി സംസാരിച്ച്‌ പിരിയുന്നവരെ ഒരു കുഴപ്പവുമില്ലായിരുന്നല്ലോ ഇപ്പോ എന്തെ? എപ്പോഴാ ഇവന്‍ ചിന്തിക്കാന്‍ തുടങ്ങിയത്‌, ഞാന്‍ മനസ്സില്‍ കരുതി..

കുറച്ച് മാനദണ്ഠത്തോടെ (മായാവി സ്റ്റൈല്‍) ഞാന്‍ ചോദിച്ചു.
ഇല്ല, ഞാന്‍ ചിന്തിച്ചിട്ടില്ല, നീ ചിന്തിച്ചിട്ടുണ്ടോ ??

ഇല്ല, ഇത്രേം കാലായിട്ട്‌ ഞാന്‍ ചിന്തിച്ചിട്ടില്ല,
പക്ഷെ എന്റെ മോന്‍ ജിത്തു ചിന്തിച്ചു,
അവന്റെ ചോദ്യത്തിനു ഞാന്‍ ഉത്തരം മുട്ടുകയും ചൈതു.

ആ നാലു വയസ്സുകാരനോ !! ?? സത്യത്തില്‍ എന്താ സംഭവം ഒന്നു തേളീച്ചു പറ.

അല്ല... ഞാനിന്നലെ രാത്രി സ്വാതന്ത്രത്തിനെ പറ്റി എനിക്കറിയാവുന്നതു (അവനെത്ര അറിയാമെന്നെനിക്കല്ലെ അറിയൂ) എന്റെ മോന് പറഞ്ഞു കൊടുത്തിരുന്നു,

ഇന്നു രാവിലെ കളിക്കാന്‍ പോവണ്ടാന്നു പറഞ്ഞപ്പോള്‍ അവനെന്നോടു ചോദിക്കാണു,

നിങ്ങളെന്താ ബ്രിട്ടീഷുകാരനാണോന്നു ?

അവന്റെ ഉമ്മ കറകളഞ്ഞ ബ്രിട്ടീഷുകാരിയാണെന്നാണവന്‍ പറയുന്നതു.

രാവിലെ ആറുമണിക്കു ശേഷം ഉറങ്ങാന്‍ പാടില്ല,
ബ്രഷു ചെയ്യുമ്പോള്‍ ടൂത്ത് പേസ്റ്റ് കൂടുതല്‍ എടുക്കാന്‍ പാടില്ല,
രാവിലെ തന്നെ തണുപ്പത്ത്‌ കുളിക്കണം,
കളിക്കാന്‍ പോവാന്‍ ഒരുപാടു നിബന്ധനകള്‍,
വെയിലു കൊള്ളാന്‍ പാടില്ല,
മഴ കൊള്ളാന്‍ പാടില്ല ...അങ്ങനെ.... അങ്ങനെ......

ഇതെല്ലാം അവനെ വല്ലാതെ ചിന്തിപ്പിച്ചു, ഇന്നവന്‍ ചോദിക്കാണു

എവിടെ സ്വാതന്ത്രം ?? നിങ്ങളൊക്കെ ബ്രിട്ടീഷുകാരാണൊ ??

അവന്റെ ചോദ്യത്തിനു മുന്നിന്‍ എനിക്കുത്തരം മുട്ടിപ്പോയി,
അതാ നേരെ ഇങ്ങോട്ട്‌ പോന്നത്‌...

ഞാന്‍ വീണ്ടും കത്കുത ചിന്തനായിരിക്കാന്‍ (എനിക്ക് വയ്യ, വീണ്ടും സാഹിത്യം) തുടങ്ങിയപ്പൊഴാണു നാസറിന്റെ കെട്ട്യോള്‍ അങ്ങോട്ട്‌ വന്നത്‌..

ഏയ്‌... നോക്കീ... ങ്ങള്‍ ഈ പൊടി ഒന്ന് പൊടിപ്പിച്ച് കൊണ്ടോരോ?

മനസ്സിലായില്ല അല്ലെ !!!

അരി പോടിപ്പിച്ച്‌ കൊണ്ടാരാനാണു പറഞ്ഞത്‌,

നാസര്‍ അരി സഞ്ജി വാങ്ങി, കൂട്ടിനു ഞാനും പോയി...

വയലിനക്കരെയാണു ഫ്ലോര്‍മില്‍, വയലിന്റെ നടുവിലൂടെയുള്ള വരമ്പത്തു കൂടി നടക്കുമ്പോള്‍ ഒരടക്കിപ്പിടിച്ച സംസാരം,

ഞങ്ങള്‍ ചുറ്റുപാടുമൊന്നു നോക്കി, അപ്പോഴാണു കണ്ടത്‌, ഒരു പോത്തും അതിന്റെ പുറത്ത്‌ സേവനവാരം നടത്തുന്ന കാക്കയും തമ്മിലുള്ള സംസാരമാണു..

പോത്ത്‌ : കാക്കെ (ബഹുമാനം കോണ്ടൊന്നും അല്ലട്ടോ "കാക്കെ" ന്നു വിളിച്ചത്‌, കാക്കയെ പിന്നെ പ്രാവെന്നു വിളിക്കാന്‍ പറ്റില്ലല്ലോ) ഇന്നു നിനക്കു തീറ്റ കുറവാണല്ലേ ??

കാക്ക: അതെ , എന്തുപറ്റി ഇന്നു ?

പോത്ത്‌ : ഇന്നെനിക്കു പണിയൊന്നും ഇല്ലല്ലോ, വിശ്രമമാണ് അതു കോണ്ടാ..

കാക്ക: എന്താ ഇന്നു പണിയില്ലാത്തെ ?

പോത്ത്‌ : ഇന്ന് ആഗസ്റ്റ്‌ പതിനഞ്ചു അല്ലെ, ഞാന്‍ സ്വതന്ത്രനാണു.

കാക്ക: അതെങ്ങനെ നിനക്കു സ്വാതന്ത്രമാകും, മനുഷ്യര്‍ക്കല്ലേ..

പോത്ത്‌: എടാ മണ്ടാ ഇന്നു വിദ്യാലയങ്ങള്‍ക്കെല്ലാം അവധി ആയത്‌ കൊണ്ട്‌ എന്റെ യജമാനന്റെ കുട്ടികളെല്ലാം വീട്ടിലുണ്ടാകും, അതു കൊണ്ട്‌ യജമാനന്‍ അവരോടൊപ്പം വീട്ടിലാണു, അപ്പൊ ഞാന്‍ ഫ്രീ ആയില്ലെ..

കാക്ക: അല്ല പോത്തേട്ടാ.. ഈ കേരളത്തില്‍ ശരിക്കും സ്വാതന്ത്രമുണ്ടോ??

പോത്ത്‌: പിന്നെ ഇതു "ദൈവത്തിന്റെ സ്വന്തം നാടല്ലെ, "

കാക്ക: അപ്പോ ഇവിടെ ജനാതിപത്യമൂണ്ടോ?

പോത്ത്‌: പിന്നെ ഇല്ലാതെ ഇതു "ദൈവത്തിന്റെ സ്വന്തം നാടല്ലെ,"

കാക്ക: സ്വര്‍ഗ്ഗത്തില്‍ കൊള്ളയും കൊലയുമുണ്ടാകോ?

പോത്ത്‌ (കുറച്ച്‌ വിഷമത്തോടെ) : ഇല്ല.

കാക്ക: അപ്പൊ ഇവിടെ ദിവസവും കൊലയുണ്ടല്ലോ,
എന്റെ വര്‍ഗ്ഗക്കാരേല്ലാം അന്യ സംസ്ഥാനത്ത്‌ നിന്ന് ഇപ്പൊ ഇങ്ങോട്ടാ വരുന്നത്‌, നല്ല മനുഷ്യ ഇറച്ചി കൊത്തി തിന്നാന്‍.

പോത്ത്‌: അത്‌ പിന്നെ???

കാക്ക: അല്ല പോത്തേട്ടാ. ഇവിടെ ഒരു പെണ്ണിനു ഒറ്റക്ക്‌ പേടി കൂടാതെ ദൂര യാത്ര ചേയ്യാന്‍ പറ്റോ?

പോത്ത്‌: അത്‌ പിന്നെ സൂക്ഷിച്ചാല്‍ ദുഖിക്കേണ്ടല്ലോ,

കാക്ക: സ്വര്‍ഗ്ഗത്തില്‍ സൂക്ഷിക്കണോ പോത്തേട്ടാ.... പോട്ടെ, സ്വര്‍ഗ്ഗത്തില്‍ അച്ഛന്‍ മകളെ ബലാല്‍സംഘം ചെയ്യോ?

പോത്ത്‌: ഇല്ല.

കാക്ക: സ്വര്‍ഗ്ഗത്തില്‍ പാവപ്പെട്ടവര്‍ ആക്രമിക്കപ്പെടോ?

പോത്ത്‌: ഇല്ല.

കാക്ക: സ്വര്‍ഗ്ഗത്തില്‍ ഹര്‍ത്താലുണ്ടാവോ?

പോത്ത്‌: ഇല്ല.

കാക്ക: സ്വര്‍ഗ്ഗത്തില്‍ മതത്തിന്റെ പേരില്‍ അടിപിടി കൂടോ?

പോത്ത്‌: ഇല്ല.

കാക്ക: ജനാതിപത്യന്നുവച്ചാല്‍ "പണാധിപത്യം" ന്നാണോ?

പോത്ത്‌: അല്ല.

കക്ക: ഇവിടെ പണമില്ലാത്തവന്നു "ജനാതിപത്യ" നാട്ടില്‍ വിലയില്ലെ?

:::--....::

എന്താ പോത്തെട്ട മിണ്ടാത്തെ ...

കാരണമില്ലാത്ത കൊലകള്‍ : മരിക്കുന്നവനറിയില്ല താനെന്തിനാണു രക്തസാക്ഷിയായതെന്നു, എന്നാല്‍ കൊന്നവനറിയോ അവനെന്തിനാ ഇതു ചൈതതെന്ന്. "ഇല്ല".

അനന്തമായ കോള്ളകള്‍: കളവു പോയവനു ഒരു പരാതി പോലും കൊടുക്കാന്‍ പറ്റാത്ത അവസ്ഥ, കാരണം ... അറിയില്ലല്ലോ കോള്ളയുടെ വിഹിതം ഏതൊക്കെ ഏമാന്മാര്‍ക്കുണ്ടെന്ന്.

ബന്ധങ്ങളില്ലാത്ത സ്ത്രീ പീഡനങ്ങള്‍ : അതിപ്പോ അച്ചനു മകളെയാവാം, അധ്യാപകര്‍ക്കു വിദ്യാര്‍ദ്ധിയെയാവാം, അയല്‍വാസികളാവാം , കൂടെപ്പിറപ്പുകളാവാം, കൂട്ടുകാരാവാം, ഒറ്റ നിബന്ധന കാര്യം കഴിഞ്ഞാല്‍ കൊന്നു കളയണമെന്നുമാത്രം, അതു കഴുത്തു ഞെരിച്ചാകാം, കത്തിച്ചാവാം....

പോത്തേട്ടാ ഇതൊക്കേ പിശാചുകളല്ലെ ചെയ്യാ ??

:::::: പോത്തിനു വീണ്ടും മൗനം::::

അപ്പൊ കരയും, കടലും, പുഴയും, വയലും, കാടും, അരുവിയും, തീരവും, പച്ചപ്പും, മഴയും, വെയിലും, തണുപ്പും, മഞ്ഞും, എല്ലാം ഉള്ള ഈ കൊച്ചു സ്വര്‍ഗ്ഗത്തില്‍ അധികവും പിശാചുകളാണോ പോത്തേട്ടാ...
ഈ പിശാചുകളുടെ ഇടയില്‍ സാധാരണക്കാരനു "എവിടെ സ്വാതന്ത്രം ?"

പോത്തിന് ഒന്നും പറയാനില്ലായിരുന്നു...

കാക്കയുടെയും പോത്തിന്റെയും സംസാരത്തിനിടക്ക് ഒരു കാള കുട്ടന്‍ അതുവഴി വന്നു, ആളൊരു പശുക്കുട്ടിയെ മണിയടിച്ചു വരുകയാണു, അതു കണ്ടതും പോത്തു കാക്കയോടു പറയുകയാണു "ഇവനൊന്നും മൃഗമല്ല, മനുഷ്യനാണു".

ഇതു കേട്ടുനിന്ന ഞങ്ങള്‍ പിന്നെ അവിടെ നിന്നില്ല. ആകെ മാനക്കേടായി അവിടുന്നു തടി തപ്പി..

.................................
വാല്‍കഷ്ണം: ഇനി ആരോടെങ്കിലും ദേഷ്യം വരുമ്പോള്‍ അവരെ "എടാ പോത്തെ" എന്നൊന്നും വിളിക്കണ്ട, അതു പോത്തുകള്‍ കേട്ടാല്‍ അവര്‍ക്കു സഹിക്കില്ല ...

-------------------------
സ്നേഹിതന്‍

Wednesday, July 30, 2008

ഇവര്‍ക്കിത്ര സൌന്ദര്യമോ ??

ഇതൊക്കെ കോഴികള്‍ തന്നെയാണോ? എന്തെല്ലാം തരത്തില്‍, എന്തെല്ലാം കളറില്‍...

ഒരു മെയില്‍ വഴി കിട്ടിയതാണ്, അത് നിങ്ങളുമായി പങ്കുവെക്കുന്നു....---------------------------------------------------
---------------------------------------------------
സ്നേഹിതന്‍...

Sunday, July 27, 2008

ഇതു കണ്ടിരിക്കാന്‍ എനിക്ക് കഴിയില്ല ....!!!
കൂട്ടുകാരെ.... ഇതു കണ്ടിട്ടെന്തു തോന്നുന്നു...??

എന്തായാലും കമ്മന്റുക... ശപിക്കരുത്...

പ്രവാസ ജീവിതത്തിനിടയിലുള്ള ചെറിയൊരാഗ്രഹം (വാഴ ഇലയില്‍ ഭക്ഷണം കഴിക്കുക )

അതൊന്നു പോസ്റ്റിയതാണു... എന്നോടു ക്ഷമിക്കണം... ഞാന്‍ ഇവിടുന്ന് പോയ്കോളാം...

എനിക്ക് തന്നെ എന്നോടു ദേഷ്യം തോന്നുന്നു....

ഞാന്‍ ഓടി...


-----------------------
സ്നേഹിതന്‍...
-----------------------

Thursday, July 24, 2008

ഒരു മാറ്റം ആരാ ഇഷ്ടപ്പെടാത്തത്‌...

ഒരുപാടു ദിവസമായി മനസ്സില്‍ വല്ലാത്തൊരു നീറ്റല്‍...

എത്ര ആലോചിച്ചിട്ടും മനസ്സിലാവുന്നില്ല...

അങ്ങനെയിരിക്കെയാണ് ഇന്നലെ സ്വപ്നത്തില്‍ ഒരു വിളിയാളം "നിന്റെ ബ്ലോഗിന്റെ ഡിസൈനിങ്ങും ലയൌട്ടുമെല്ലാം മാറ്റണമെന്ന് ".

അപ്പോഴാണ്‌ മനസ്സിലായത് എന്നെ അലട്ടിയിരുന്ന പ്രശ്നവും അത് തന്നെയെന്ന്‌...

അപ്പൊ പിന്നെ ഏതായാലും അത് നടക്കട്ടെന്നു കരുതി ഒരു ചൈന്ജിംഗ് വരുത്തി...

"ഒരു മാറ്റം ആരാ ഇഷ്ടപ്പെടാത്തത്‌ അല്ലെ?".

എന്റെ പുതിയ പോസ്റ്റ് ഇവിടെ വായിക്കുക...